കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പൊലീസ് ആണ് താരത്തെ അറസ്റ്റ് ചെയ്തത്. താരം നേരിട്ട് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. (Actor Baburaj arrested in fraud and money laundering case)
ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് താരം സ്റ്റേഷനിൽ നേരിട്ട് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു. കോടതി ബാബുരാജിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഫെബ്രുവരി നാലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടന് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാജരായത്. മൂന്നാർ ആനവിരട്ടിക്ക് സമീപമാണ് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് ബാബുരാജ് നടത്തിവന്നിരുന്നത്.
22 കെട്ടിടങ്ങളിലെ അഞ്ച് കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പർ നൽകിയിരുന്നത്. എന്നാൽ, സ്ഥലത്തിന്റെ പട്ടയം നിലവിലെ നിയമമനുസരിച്ച് നൽകിയതല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുക്കാർക്ക് റവന്യൂവകുപ്പ് നോട്ടീസും നൽകിയിരുന്നത്.
എന്നാൽ, ഇത് മാനിക്കാതെ, 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻ പ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നുമാണ് പരാതിക്കാരനായ അരുൺകുമാർ പരാതിയിൽ പറയുന്നത്.
കരാർ പ്രകാരം മുന്നോട്ട് പോകാൻ സാധിക്കാതെ വന്നപ്പോൾ കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടുവെന്നും പണം ലഭിക്കാനാണ് പരാതി നൽകിയതെന്നും അരുൺകുമാർ പറഞ്ഞു.
English Summary: Actor Baburaj arrested in fraud and money laundering case