മലയാളികളുടെ പ്രിയ താരമാണ് ജഗദീഷ്. എന്നും മലയാൡള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ അപ്പുക്കുട്ടനായും മായിന്‍കുട്ടിയുമായുമൊക്കെ ചിരിപ്പിച്ചിരുന്ന ജഗദീഷ് പിന്നീട് നായകനായും സഹനടനായുമെല്ലാം കയ്യടി നേടി. വില്ലനായും അദ്ദേഹം അമ്പരപ്പിച്ചിട്ടുണ്ട്.അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല കഥാകൃത്ത്, ഗായകന്‍, ഛായാഗ്രാഹകന്‍ തുടങ്ങി സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയുടെ പുറത്തുള്ള ജഗദീഷും ശ്രദ്ധേയനാണ്. അധ്യാപകന്‍ എന്ന നിലയില്‍ കൂടി കഴിവ് തെളിയിച്ചിട്ടുള്ള ജഗദീഷ് തന്റെ രാഷ്ട്രീയത്തിന്റെ പേരിലും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഓര്‍മ്മയും ജഗദീഷിനുണ്ട്.
ഒരിക്കല്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോഹന്‍ലാലില്‍ നിന്നും ലഭിച്ച സഹായത്തെക്കുറിച്ചും മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ചുമൊക്കെ ജഗദീഷ് മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു ജഗദീഷ് മത്സരിച്ചത്. രാഷ്ട്രീയത്തിലെ സിനിമാക്കാരനായ ഗണേഷ് കുമാറിനോടായിരുന്നു ജഗദീഷ് മത്സരിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് അന്ന് വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്. മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണെന്നും ജഗദീഷ് പറയുന്നുണ്ട്.